ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കോയിക്കല്‍ കുടുംബത്തിലെ ഒരംഗം തിരുവിതാംകൂർ രാജകുടുംബത്തിലെ ഔദ്യോഗികസ്ഥാനം വഹിച്ചിരുന്നതിനാല്‍ എഴുമറ്റൂർ, തെള്ളിയൂർ കരകൾ കോയിക്കലുകാർക്ക് കരമൊഴിവായി ലഭിച്ചുവെന്നു പറയപ്പെടുന്നു. കോയിക്കലുകാരുടെ ആസ്ഥാനം ആദ്യം തെള്ളിയൂരില്‍ ആയിരുന്നുവെന്ന് അനുമാനിക്കാൻ വക നല്‍കുന്നതാണ് തെള്ളിയൂരില്‍ ഇപ്പോഴും അവശേഷിക്കുന്ന ചില പുരയിടങ്ങളുടെ പേരുകൾ. പ്രസ്തുതപുരയിടങ്ങൾ സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് കടന്നുചെല്ലുവാനുള്ള നിരത്ത് ആരംഭിക്കുന്ന സ്ഥലം കൊട്ടിയമ്പലം എന്ന പേരില്‍ ഇപ്പോഴും അറിയപ്പെടുന്നു. ഉപരിതലജലത്തിന്റെ സുലഭതകൊണ്ട് നന്ന അനുഗൃഹീതമായ പ്രദേശങ്ങളാണിത്. വറ്റാത്ത കിണറുകളും വിശാലമായ കുളങ്ങളും വേനലിലും തെളിനീരൊഴുക്കുന്ന കൊച്ചരുവികളും നിറഞ്ഞ ഈ പ്രദേശം മുൻപേതന്നെ ജനവാസത്തിനു സർവ്വഥാ യോഗ്യമായിരുന്നു. അങ്ങിങ്ങു പാറക്കെട്ടുകളുണ്ടെങ്കിലും ഫലഭൂയിഷ്ഠമായ മണ്ണ് ഏതുതരം വിളകൾക്കും പാകമാണ്. സസ്യവൈവിധ്യങ്ങളാല്‍ സമ്പന്നമായ ഈ പ്രദേശത്ത് അതിവിരളങ്ങളായ പലതരം വൃക്ഷങ്ങളും ഔഷധികളും ഇപ്പോഴും അവശേഷിക്കുന്നുണ്ട്. കൃഷിക്കനുയോജ്യമായ മണ്ണും ജീവിക്കാൻ അനുപേക്ഷണീയമായ വെള്ളവും ഒത്തുചേർന്ന പ്രദേശമാകയാല്‍ തെള്ളിയൂരും, എഴുമറ്റൂരും അതിപുരാതനകാലത്തു തന്നെ ജനവാസകേന്ദ്രങ്ങളായിത്തീർന്നിരുന്നു. കേരളത്തില്‍ അതിപ്രാചീനകാലത്തു നിലവിലിരുന്ന മഹാശിലായുഗസംസ്കാരത്തിന്റെ അവശിഷ്ടങ്ങളായി ചരിത്രപണ്ഡിതന്മാർ കരുതുന്ന നന്നങ്ങാടികൾ എന്നറിയപ്പെടുന്ന മൺകലശങ്ങൾ തെള്ളിയൂരിലെ പറവനോലി മലയില്‍ നിന്ന് 1960-ല്‍ കണ്ടുകിട്ടിയിട്ടുണ്ട്. ഇതേകാലത്ത് എഴുമറ്റൂർ നാരകത്താനിയിലുള്ള എരുമമലയില്‍ നിന്നും ഇത്തരം കലശങ്ങൾ ലഭിക്കുകയുണ്ടായിട്ടുണ്ട്. തെള്ളിയൂരില്‍ കൊട്ടിയമ്പലത്തിനു സമീപം മണ്ണിനടിയില്‍ നിന്നു വീണ്ടെടുക്കപ്പെട്ട കിണറും ഏതോ പ്രാചീനകാലത്തു നിർമ്മിക്കപ്പെട്ടതാണെന്നു കരുതേണ്ടിയിരിക്കുന്നു. തെള്ളിയൂർകാവിനു സമീപമുള്ള തെളിയൂർ ചിറ എന്ന പ്രസിദ്ധമായ ജലാശയവും ചുറ്റുപാടുമുള്ള കരിങ്കല്‍പടവുകളോടുകൂടിയ കുളങ്ങളും പ്രാചീനമായ ഒരു ജനപഥത്തിന്റെ ചരിത്രാവശിഷ്ടങ്ങളായി നിലനില്‍ക്കുന്നു. തെള്ളിയൂർ, എഴുമറ്റൂർ എന്നീ സ്ഥലനാമങ്ങളും മേല്‍പ്പറഞ്ഞ നിഗമനത്തെ ദൃഢീകരിക്കുന്നു. തെളിഞ്ഞ എന്ന അർത്ഥമുള്ള തെളിയ എന്ന പദത്തോടൊപ്പം ദേശവാചിയായ ഊർ എന്ന പദം ചേർത്തതാണ് തെള്ളിയൂർ. സമീപപ്രദേശങ്ങൾ കാടു പിടിച്ചു കിടന്നപ്പോൾ തെളിഞ്ഞുവന്ന ഊരായതുകൊണ്ട് ഈ പേരുണ്ടായതായി കരുതാം. എഴുമറ്റൂർ എന്ന സ്ഥലനാമത്തിന്റെ നിഷ്പത്തി എഴിമ ഉറ്റ ഊർ എന്നാണെന്നഭിപ്രായമുണ്ട്. എഴിമ അഥവാ ഐശ്വര്യം ഉറ്റ ഊരായതുകൊണ്ട് ഈ പേരുണ്ടായതായി പറയപ്പെടുന്നു. എഴുമറ്റൂരും തെള്ളിയൂരുമുള്ള ദേവീക്ഷേത്രങ്ങളും എഴുമറ്റൂരിലെ ശിവക്ഷേത്രവും അവിടുത്തെ അനുഷ്ഠാനകലകളും അതിപ്രാചീനമായ ദ്രാവിഡസംസ്കാരത്തിന്റെ നിദർശനങ്ങളാണ്. പുരാതനകാലം മുതല്‍ക്കേ പുകൾപെറ്റ ക്ഷേത്രങ്ങളാണ് എഴുമറ്റൂരുളള പനമറ്റത്തുകാവ് ദേവീക്ഷേത്രവും തെള്ളിയൂർകാവ് ഭഗവതീക്ഷേത്രവും. ഈ ക്ഷേത്രങ്ങളിലെ പടയണിയും ചൂരല്‍ അടിയും കളമെഴുത്തുപാട്ടും പ്രാചീനമായ അനുഷ്ഠാനങ്ങളാണ്. വൃശ്ചികം ഒന്നു മുതല്‍ ഒരാഴ്ച തെള്ളിയൂർക്കാവ് ക്ഷേത്രത്തിനു സമീപമുള്ള മൈതാനത്തു നടക്കുന്ന വാണിഭം ദേശാന്തരങ്ങളിലും പ്രസിദ്ധമാണ്. പൂർവ്വകാലങ്ങളില്‍ കിഴക്കൻ ദിക്കുകളില്‍ നിന്നും ദേവീദർശനത്തിനായി മലയരയന്മാർ വൃശ്ചികം ഒന്നാം തീയതി നേർച്ചകാഴ്ചകളുമായി എത്തിയിരുന്നതായും ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള ആലിൻച്ചുവട്ടില്‍ ഈ കാഴ്ചവസ്തുക്കളുടെ വിപണനം നടന്നതായും പറയപ്പെടുന്നുണ്ട്. അതുപോലെ എഴുമറ്റൂർ പനമറ്റത്തുകാവിലും വൃശ്ചിക ഭരണി നാളില്‍ ഒരു വാണിഭം ഏറെക്കാലത്തേക്കു നടന്നുവന്നിരുന്നു. തിരുവിതാംകൂർ രാജാവിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാൻ നാടുവിട്ടോടിയ ഇളയിടത്തുറാണി ഭർത്താവിനോടും കീരിക്കാട്ടുകുറുപ്പ്, പുത്തേടത്തുപിള്ള എന്നീ അനുചരരോടും കൂടെ തെള്ളിയൂർ ഭഗവതി ക്ഷേത്രത്തിനു സമീപം വന്നു പാർപ്പുറപ്പിച്ചതായി ഐതിഹ്യമുണ്ട്. വനമദ്ധ്യത്തിലായിരുന്നു അന്നു ക്ഷേത്രം. കാലക്രമത്തില്‍ വനപ്രദേശം കൃഷിഭൂമികളായി മാറിയെങ്കിലും ക്ഷേത്രത്തിനു ചുറ്റുമുള്ള മുപ്പതേക്കറോളം സ്ഥലം തെള്ളിയൂർക്കാവ് ആയി നിലനിർത്തപ്പെട്ടു. ക്ഷേത്രത്തിനു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന തെള്ളിയൂർ ചിറ എന്ന വിസ്തൃത ജലാശയം പ്രകൃതിയുടെ വിസ്മയകരമായ വരദാനമാണ്. കമനീയമായ ഈ തെളിനീർത്തടാകം ഒരു കുന്നിൻമുകളിലാണ്. കവിഞ്ഞൊഴുകുന്ന വെള്ളം കൊച്ചരുവിയായി തെള്ളിയൂർ ഗവ:ആശുപത്രിക്കു സമീപം അരുവിക്കാട്ടില്‍ മനോഹരമായ ഒരു കൊച്ചുവെള്ളച്ചാട്ടം സൃഷ്ടിച്ചുകൊണ്ടൊഴുകുന്നു. പ്രകൃത്യാ ഉണ്ടായിരുന്ന ഒരു ജലാശയത്തെ ഗ്രാമീണരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി വികസിപ്പിച്ചെടുത്തതാണ് തെള്ളിയൂർചിറ. സ്വാതന്ത്ര്യസമരകാലത്ത് ദേശീയബോധത്തിന്റെ ധാരയിലേക്കെത്തുവാൻ ഈ പഞ്ചായത്തിനു കഴിഞ്ഞു. ആധുനികവിദ്യാഭ്യാസം കടന്നുവന്നപ്പോൾ വിദ്യാലയങ്ങൾ ആരംഭിക്കുവാനും അതിലൂടെ പുതിയ തലമുറകളെ വളർത്തിയെടുക്കുവാനും അവർ ആവേശം പ്രകടിപ്പിച്ചു. ക്രിസ്ത്യൻമിഷനറിമാർ കൊറ്റംകൂടി, കൂലിപ്പാറ, തെള്ളിയൂർ, ഇടയ്ക്കാട് എന്നിവിടങ്ങളില്‍ തുടക്കമിട്ട പ്രാഥമികവിദ്യാലയങ്ങൾ ഈ നാടിന്റെ വിദ്യാഭ്യാസചരിത്രത്തില്‍ നിർണ്ണായകപങ്കു വഹിച്ചിട്ടുണ്ട്. ആധുനിക വിദ്യാഭ്യാസത്തിനടിത്തറയായി എഴുമറ്റൂരില്‍ ആരംഭിച്ച പ്രൈമറിസ്കൂൾ ഇന്ന് ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളായി ഉയർന്നിട്ടുണ്ട്.പഞ്ചായത്തിലുടനീളം പ്രാഥമിക വിദ്യാഭ്യാസത്തിനാവശ്യമായ പ്രൈമറിസ്കൂളുകളുണ്ട്.